വലിയതുറ: കൊച്ചുവേളി ഭാഗത്ത് മത്സ്യബന്ധനത്തിനിടെ തിരയില്‍പ്പെട്ട് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കൊച്ചുവേളി തൈവിളാകം ടി.സി - 80 /505 -ല്‍ ഷിബു സിറിള്‍ (42) ആണ് മരിച്ചത്.
വെളളിയാഴ്ച രാവിലെ എട്ടിന് കൊച്ചുവേളി സ്വദേശി മില്ട്ടന് എന്നയാളുടെ ഉടമസ്ഥതയിലുളള കരമടി വലയും വളളവും ഉപയോഗിച്ച് കൊച്ചുവേളി പളളിക്ക് സമീപത്തുളള കടലില്‍ മത്സ്യബന്ധനം നടത്തവേയാണ് ഷിബുവിനെ ശക്തമായ തിരയില്‍പ്പെട്ട് കാണാതായത്.
ഷിബു കടലില്‍ ഇറങ്ങി വല മുറുക്കുന്നതിനിടെയാണ് തിരയില്‍ പെട്ടത്. ഒപ്പമുണ്ടായിരുന്നവരുടേയും വിഴിഞ്ഞം കോസ്റ്റല്‍ അധികൃതരുടെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ സൗത്ത് തുമ്പക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് എത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യ: ആഞ്ചില. മക്കള്‍: നിവ്യ , നവീന.